Tuesday, December 28, 2010

പരിചയപ്പെടല്‍

ബയോ ടെക്നോളജി  പഠിച് കുറച്ചു കാലം നാട്ടില്‍ പാരലെല്‍ കോളേജ്  നടത്തി നടന്ന കാലത്താണ്  ഭാവിയെക്കുറിച് ചിന്ത വന്നത്. ഈ പണി കൊണ്ട് കാലം കഴിയില്ല എന്നുറപ്പായി . വീണ്ടും ബയോ ടെക്നോളജി തന്നെ പഠിക്കണോ അതോ വേറെ വല്ലതും നോക്കണോ എന്നാലോചിച്ചപ്പോള്‍ കുറച്ചു പത്രപ്രവര്‍ത്തനം പഠിച്ചേക്കാം  എന്ന് തീരുമാനിച്ചു . അങ്ങനെ കേരളത്തിലെ അലിഗഡ് ആയ ഫാറൂക്ക് കോളേജില്‍ എത്തിപ്പെട്ടു .
 ഫാറൂക്ക് കോളേജില്‍ പ്രിന്‍സി യുടെ മുറിക്കു പുറത്തു വെച്ചാണ് രഞ്ജിത് സാറിനെ ആദ്യം കാണുന്നത്. കൂടെ ജേപീ സാറും ലക്ഷ്മി ടീച്ചറും ഉണ്ടായിരുന്നു.  പാരലെല്‍ കോളേജ് നടത്തി വന്നവന്റെ അഹങ്കാരം നല്ലോണം ഉണ്ടായിരുന്നത് കൊണ്ട് നമ്മുടെ ടീച്ചര്‍മാര്‍ക്ക്  അധ്യാപനം എന്താണെന്നു പഠിപ്പിച്ചു കൊടുക്കാനുള്ള ഭാവത്തിലാണ് ഞാന്‍ .
പിന്നീടു കാര്യത്തിന്റെ ഗതി മാറി. ഞാന്‍ വിചാരിച്ചിരുന്നത് കുറെ ഒക്കെ ശരി ആയിരുന്നെങ്കിലും രഞ്ജിത് സര്‍ ഒരു പുതിയ അനുഭവം ആയിരുന്നു. സൌഹൃദത്തിന്റെ മേമ്പൊടിയില്‍ ക്ലാസ്സ്‌ മുറികളില്‍ ജേര്‍ണലിസം തളിര്‍ത്തു.
അങ്ങനെ അധ്യാപക - വിദ്യാര്‍ഥി ബന്ധത്തിന് അപ്പുറത്തേക്ക്  സൌഹൃദം വളര്‍ന്നു.
..................
 മൂന്നു കൊല്ലം ഈറോഡില്‍ ബയോ ടെക്നോളജി പഠിച്ചതിന്റെ  കേടു തീര്‍ക്കാന്‍ സംഘടനാ പ്രവര്‍ത്തനം നടത്തി വിദ്യാര്‍ഥി സമൂഹത്തെ ഉദ്ബുദ്ധരാക്കാന്‍ തീര്‍ച്ചപ്പെടുത്തിയ സമയം. കോളേജില്‍ എത്തിയാലും ക്ലാസില്‍ കയറാന്‍ സമയമില്ലാതെ കഷ്ടപ്പെടുന്ന എസ് എഫ് ഐ കാരന്റെ ദുഃഖം ആരറിയും ? പ്രിന്‍സി യുടെ മുന്നില്‍ ചങ്ക് വിരിച്ചു നില്‍ക്കുമെങ്കിലും രഞ്ജിത് സാറിന്റെ മുന്നിലെത്തുമ്പോള്‍ ഒരു മനസ്സ്ക്ഷിക്കുത്താണ് . പക്ഷെ സര്‍ വളരെ പോസിറ്റീവ് ആയിരുന്നു .
കാര്യം എസ് എഫ് ഐ ആണെങ്കിലും, ക്ലാസ്സില്‍ കയറില്ലെങ്കിലും ഞാന്‍ ഒരു നല്ല വിദ്യാര്‍ഥി ആയിരുന്നു കേട്ടോ ....
സെമസ്റ്റെരുകള്‍ രണ്ടെണ്ണം ശൂ .. എന്ന് കടന്നു പോയി. അതാ വരുന്നു ജൂനിയേര്‍സ്‌ എന്ന പടപ്പുകള്‍. ചരിത്രത്തില്‍ ആദ്യമായി കുറച്ചു സീറ്റ്‌ കിട്ടിയതിന്റെ ആവേശത്തില്‍  ആയിരുന്നു ഞങ്ങള്‍ . മാഗസിന്‍ തയ്യാറാക്കാനുള്ള പെടാപ്പാട്. ജൂനിയേര്‍സ്‌ വന്നതൊന്നും ശ്രദ്ധിക്കാന്‍ പോലും പറ്റാത്ത തിരക്ക്...
ഒടുവില്‍ വെല്‍ക്കം പാര്‍ട്ടി യുടെ ദിനം വന്നെത്തി. രഞ്ജിത് സാറിന്റെ ഒരൊറ്റ നിര്‍ബന്ധം കൊണ്ട് മാത്രം അതില്‍ പങ്കെടുത്തു . ജീവിതത്തില്‍ പുതിയ കാറ്റടിച്ച ദിവസം .. ഞാനെന്റെ ജീവിത സഖിയെ ആദ്യമായി കണ്ടത് അന്നാണ്. കക്ഷി എന്റെ ജൂനിയര്‍ തന്നെ ( എന്റെ പ്രിയപ്പെട്ട അമ്മൂസ്).
പിന്നെ വീണ്ടും ഇലക്ഷന്‍ തിരക്കുകള്‍ ... ജയിക്കുക എന്നത് എന്റെയും സംഘടന യുടെയും ആവശ്യമായത് കൊണ്ട്  എല്ലാവരെയും നന്നായി പതപ്പിച്ചു ...
..........വയ്യ ഇന്നിത്ര മതി 

Wednesday, December 22, 2010

മരണം രംഗബോധമില്ലാത്ത കോമാളി അല്ല

 ഞായറാഴ്ച വൈകുന്നേരം 7 .30 ആയിക്കാണും. കാന്റീനില്‍ നിന്ന് ചായ കുടിച്ച ശേഷം  ആത്മാവിനു ഒരു പുക കൊടുക്കാന്‍ പുറത്തേക്ക് ഇറങ്ങിയതായിരുന്നു ഞാന്‍ . അപ്പോഴാണ് മൃദുലയുടെ ഫോണ്‍ . രഞ്ജിത് സാറിനു ആക്സിടെന്റ്റ്  പറ്റി എന്ന് ആരോ വിളിച്ചു പറഞ്ഞുവത്രേ ... ഉടന്‍ വീട്ടില്‍  വിവരം അറിയിക്കണം. 
പെട്ടെന്നൊരു പേടി തോന്നിയെകിലും  എനിക്കുറപ്പായിരുന്നു ഒന്നും സംഭവിക്കില്ല എന്ന്. ഉടന്‍ തന്നെ ഞാന്‍ സാറിന്റെ ഫോണിലേക്ക് വിളിച്ചു.. അങ്ങേത്തലക്കല്‍ നിന്ന് ഹലോ നാദം .... ആശ്വാസം തോന്നി... ഒന്നും സംഭവിച്ചിട്ടില്ല. 
പക്ഷെ എല്ലാ പ്രതീക്ഷകളെയും തെറ്റിക്കുന്നതായിരുന്നു അടുത്ത നിമിഷങ്ങള്‍ 
" നിങ്ങള്‍ ആരാണ് ? ഈ നമ്പറില്‍ ഉള്ള ആളെ  നിങ്ങള്ക്ക് പരിചയമുണ്ടോ?  ഇവിടെ മെഡിക്കല്‍ കോളേജില്‍ കാസുഅളിടിയില്‍ ക്രിടിക്കല്‍ സ്റ്റേജില്‍ ആണ് ഇയാള്‍ ..."
പിന്നീട് ആ ഫോണ്‍ ശബ്ദിച്ചില്ല . 
ഉടന്‍ ജെപി സാറെ വിളിച്ചു. ദിവ്യ ചേച്ചിയുടെ( രഞ്ജിത് സാറിന്റെ ഭാര്യ )  നമ്പറില്‍ വിളിച്ചു . അപകട വിവരം പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ റിപ്പോര്‍ട്ടര്‍ അബ്ദുറഹ്മാന്‍ മാഷേ വിളിച്ചു വിവരങ്ങള്‍ തിരക്കി... അര മണിക്കൂര്‍ കഴിഞ്ഞു കാണും... അബ്ദുറഹ്മാന്‍ മാഷിന്റെ ഫോണ്‍ ... "എല്ലാം കഴിഞ്ഞിരിക്കുന്നു."
എനിക്ക് എന്നോടും എന്റെ ജോലിയോടും പുച്ഛം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ അങ്ങോട്ട്‌ ഓടി എത്തേണ്ട ആള്‍ ഞാന്‍ തന്നെ ആയിരുന്നില്ലേ... എന്നിട്ട് ആര്‍ക്കും വേണ്ടാത്ത ജോലിയുടെ പേരില്‍  ഞാന്‍ നഷ്ടപ്പെടുത്തിയത് എന്റെ ആത്മാവിനെ തന്നെ ആയിരുന്നില്ലേ?
പിന്നെ ഫോണ്‍ വിളികളുടെ  ബഹളങ്ങള്‍ .... അറിയുന്നവരും അറിയാത്തവരും ആയി നിരവധി പേര്‍ ... മറുപടി പറഞ്ഞു മടുത്തു....ഒന്ന് പൊട്ടിക്കരയാന്‍ പോലുമാകാതെ നീറിയ മണിക്കൂറുകള്‍...
പത്രത്തിന്റെ ചരമ പേജ്  ചെയ്യുംബോഴൊക്കെ ജനാന്‍ ഓര്‍ക്കാറുണ്ട്... എന്നെങ്കിലും എനിക്ക് പ്രിയപ്പെട്ട ഒരുവന്‍ ആല്ലെങ്കില്‍ ഒരുവള്‍ ഒരു വാര്‍ത്ത ആയി എന്റെ  കമ്പ്യൂട്ടര്‍ ടെര്‍മിനലിന്  മുന്നില്‍ വരുമോ എന്ന്   ?
പക്ഷെ അത് രഞ്ജിത് സാര്‍ ആകുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിട്ടില്ല. അത് സംഭവിച്ചു.  രാത്രി വൈകിയും എന്റെ പേജ് മാത്രം തയാറാകാതെ കാത്തു കിടന്നു. കോഴിക്കോടുനിന്നു വരേണ്ട എന്റെ പ്രിയപ്പെട്ട രഞ്ജിത് സാറിന്റെ ചരമ വാര്‍ത്തക്ക്  വേണ്ടി .
............................
മരണം രംഗബോധമില്ലാത്ത കോമാളി ആണെന്ന് പറഞ്ഞത്  ഷേക്ക്‌ സ്പീര്‍ ആണല്ലേ...? അയാള്‍ക്കെന്തറിയാം?
അടുത്ത നിമിഷത്തെ കുറിച്ചും, അടുത്ത ദിവസത്തെ കുറിച്ചും ആലോചിച്ചു മുന്നോട്ടുപോകുന്ന ഓരോ നിമിഷവും നമ്മെ കാത്തിരിക്കുന്നത് മരണം മാത്രമാണ് . പലപ്പോഴും നാം അത് മറന്നു പോകും. അപ്പോള്‍ ക്ഷണിക്കപ്പെടാത്ത ക്രൂരനായ ഒരു പ്രവാചകനെ പോലെ മരണം നമ്മുടെ മുന്നിലെത്തും . ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ....
അങ്ങനെ ആണ്  എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനും സുഹൃത്തുമായ രഞ്ജിത് സര്‍ മരിക്കുന്നത്. 
വിധിയില്‍ വിശ്വസിക്കാത്ത ഒരാള്‍ ... അയാള്‍ ഒരിക്കലും സ്വന്തം പരാജയങ്ങള്‍ക്കു മറ്റുള്ളവരെ കുറ്റപ്പെടുത്തിയില്ല... വിധിയെ പഴിച്ചില്ല... എല്ലാം ഒരു ചെറിയ പുഞ്ചിരിയോടെ നേരിട്ടു.
വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന് അയാള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു . സാമൂഹ്യ പ്രവര്‍ത്തനം പരസ്യ പ്രവര്‍ത്തനമല്ല എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ നിര്‍മമമായ ആ പ്രവര്‍ത്തനങ്ങള്‍ എത്ര പേര്‍ അറിഞ്ഞിട്ടുണ്ടാകും ?
.........................

Saturday, September 4, 2010

ജീവിതം മടുക്കാതിരിക്കാന്‍ ചില കാരണങ്ങള്‍

ജീവിതം മടുക്കാതിരിക്കാന്‍ എന്ത് വേണം...? 
എന്തെങ്കിലുമൊക്കെ സംഭവിച്ചു കൊണ്ടിരിക്കണം . അല്ലെ ?
സംഭവിക്കുന്ന കാര്യങ്ങള്‍  നമുക്ക് സന്തോഷമുല്ലവയും ആയിരിക്കണം... 
അതാണല്ലോ നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ . പക്ഷെ കാര്യങ്ങള്‍ അനഗനെ ആണോ നടക്കുന്നത്... നമ്മുടെ ജീവിതത്തില്‍ നാം ആഗ്രഹിക്കുന്നത് പോലെ നടക്കുന്ന കാര്യങ്ങള്‍ വളരെ വിരളമാണ് .
അതുകൊണ്ട് ജീവിതം മടുത്തു പോകുന്നത് ശരിയാണോ ...? അങ്ങനെയെങ്കില്‍ ജീവിതം മടുത്തു ആതമഹത്യ ചെയ്തവരുടെ ആതംമാക്കളെ കൊണ്ട് ഈ പ്രപഞ്ചം  നിറഞ്ഞു കവിഞ്ഞിട്ടുണ്ടാകുമായിരുന്നു 

Saturday, January 30, 2010

അറിയാതെ പോയ ജീവിതം ( തുപ്പല്‍ )

ഇതൊരു കഥയല്ല ... ഒരു വിവരണവും അല്ല, എന്റെ ജീവിതം തന്നെയാണ്
..................
1983 മാര്‍ച്ച്‌  മാസത്തിലെ അവസാനത്തെ ദിവസം രാവിലെ 11 .30  നായിരുന്നു എന്റെ ജനനം .  കാലം തെറ്റിയുള്ള ജനനം .അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇടക്കെപ്പോഴോ നിലച്ചുപോയ വളര്‍ച്ചയുമായി പുറത്തു വന്നവന്‍,  ഒരു എലിക്കുഞ്ഞിന്റെ അത്രയും വലിപ്പമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞു പരിഹസിക്കുന്നവര്‍ ഇന്നുമുണ്ട്... ഒരു ഏത്തപ്പഴം പോലെ ആയിരുന്നു എന്ന് പറയുന്നവരും ഉണ്ട്.
       ഒരു മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്നത് അവന്റെ ചുറ്റുപാടുകള്‍ ആണല്ലോ... അത് തന്നെ സംഭവിച്ചു ഇവിടെയും . കാലം അവനെ ആരോഗ്യമില്ലത്തവന്‍ ...അശു എന്നും കളിയാക്കി
 വാക്കുകള്‍ക്ക് കത്തിയേക്കാള്‍ മൂര്‍ച്ച ഉണ്ടെന്നു , വാക്കുകളുടെ പൊരുളറിയും മുമ്പേ മനസ്സിലായിതുടങ്ങിയിരുന്നു . യാത്രകളില്‍ സ്വന്തം ഇരിപ്പിടങ്ങളില്ലാതെ ആരുടെയൊക്കെയോ മടിയില്‍ ഇരുന്നു അവന്‍ യാത്ര ചെയ്തു. ആര്‍ക്കുവേണ്ടിയും ഇരിപ്പിടങ്ങളില്‍ അവന്‍ പോരുതപ്പെടെണ്ടി വന്നു. കൂട്ടത്തില്‍ ചെറിയവന്‍  ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയി .... അവന്റെ മനസ്സ് ആരും അറിഞ്ഞില്ല.